ഫുക്കറ്റ്: ഹൈദരാബാദിൽ നിന്ന് തായ്ലൻഡിലെ ഫുക്കറ്റിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിംഗിനിടെ സാങ്കേതിക തകരാറിനെത്തുടർന്ന് റൺവേയിൽ കുടുങ്ങി. വിമാനത്തിന്റെ മുൻചക്രത്തിന് ഉണ്ടായ തകരാറാണ് അപകടത്തിന് കാരണമായത്.
ബുധനാഴ്ച ഹൈദരാബാദ്-ഫുക്കറ്റ് ഐഎക്സ് 911 വിമാനമാണ് ലാൻഡിംഗിന് ശേഷം റൺവേയിൽ നിന്ന് മാറാൻ കഴിയാതെ കുടുങ്ങിയത്. മുൻചക്രത്തിന് തകരാർ സംഭവിച്ചതോടെ വിമാനം റൺവേയിൽ തന്നെ നിർത്തിയിടേണ്ടി വന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി.
മാനദണ്ഡങ്ങൾ പാലിച്ചുള്ള നടപടികൾ സ്വീകരിച്ചതായും യാത്രക്കാർക്കും ഫുക്കറ്റ് എയർപോർട്ട് അധികൃതർക്കും സഹകരണത്തിന് നന്ദി പറയുന്നതായും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു. വിമാനം റൺവേയിൽ കുടുങ്ങിയതോടെ ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മറ്റ് വിമാന സർവീസുകളെയും ഇത് ബാധിച്ചു. റൺവേയിൽ നിന്ന് വിമാനം മാറ്റാനുള്ള നടപടികൾ ഉടൻ തന്നെ ആരംഭിച്ചു.